05:06pm 09 November 2026
NEWS
കൊച്ചിയിലെ സ്വപ്നക്ക് കൈക്കൂലി പുത്തരിയല്ല


01/05/2025  05:17 PM IST
nila
കൊച്ചിയിലെ സ്വപ്നക്ക് കൈക്കൂലി പുത്തരിയല്ല

കൈക്കൂലി വാങ്ങവെ  കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശ്ശൂർ സ്വദേശിനി സ്പ്നയാണ് കഴിഞ്ഞ ദിവസം 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. യുവതി സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഴിമതിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട സ്വപ്ന ഏറെക്കാലമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.

സ്വപ്ന കൈക്കൂലിയുമായി പിടിയിലായതിന് പിന്നാലെ ഇവരുടെ തൃശ്ശൂരിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് സ്വപ്നയുടെ ഓഫീസിൽ വിജിലൻസ് സംഘം പരിശോധനയ്ക്കെത്തി. വൈറ്റില സോണൽ ഓഫീസിൽ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ പൂർണ്ണവിവരം ശേഖരിക്കുകയാണ് വിജിലൻസ് സംഘത്തിന്റെ ലക്ഷ്യം. 

ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെർമിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടർന്ന് 15000 രൂപയാക്കി കുറച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറിൽ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ വിജിലൻസ് പിടികൂടിയത്. പരിശോധനയിൽ കാറിൽ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്ന സംശയത്തിലാണ് വിജിലൻസ്. വിശദമായ അന്വേഷണത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങിയിരിക്കുന്നതെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img